Tuesday, November 18, 2008

മുന്‍പേ പറക്കുന്ന കിളികള്‍


“ചന്ദ്രയാനൊന്നും മ്മളെ അംബിളി മാമ്മനെ തൊടാ‍നാവൂല്ലാ…ചെറിയതായപ്പം കണ്ടന്തിച്ചു നിന്നയിന്റെ ഗ്യാപ്പിലൂടെ ഒരുപാടുരുള അമ്മ തള്ളിക്കയന്റിയെന്റയാ ഈ ശാരീരം”,താങ്ക്സ്”.പൂര്‍ണ്ണ ചന്ദ്രനെ നോക്കി സുജിത് നന്ദിപൂര്‍വ്വം താങ്ക്സ് പറഞ്ഞു.
നിലാവില്‍ തിളങ്ങുന്ന വയല്‍ ഭംഗിയും കടന്ന് നീണ്ട മുറ്റത്തെ കിഴക്കെ കോണില്‍ ആലക്കു മുന്നിലായിട്ട മേശക്കു ചുറ്റിലുമായി ഞങ്ങള്‍ രാജീവന്‍ മാഷുടെ പതിനഞ്ചാം വിവാഹ വാര്‍ഷികം ആഖോഷിക്കുന്നു .ഉടല്‍ വടിവുകളില്‍ തന്നെ ലഹരിയുന്ര്‍ത്തുന്ന ജോയ് ഡി ഫ്രാങ്കിനു ചുറ്റും ഗ്ലാസ്സുകള്‍ ദാഹവിവശരായി കാത്തു നില്കുന്നു .തീര്‍ന്നു പോയ വെള്ളം രാജീവന്‍ മാഷിലെ പുരുഷാധിപത്യത്തെ ഉണര്‍ത്തി .മദ്യപിച്ച ഭര്‍ത്താവിനു മുന്‍പില്‍ ഫെമിനിസം പറയരുതെന്നൊരു ചൊല്ല് റുമാനിയായിലുണ്ടെന്ന് ഷീലേച്ചി പറഞ്ഞത് ഓര്‍ത്തു കൊണ്ട്,ചുവന്ന പൂക്കളുള്ള നൈറ്റിയ്ല്‍് വെള്ളവുമായി സന്ധ്യചേച്ചി വന്നു……

അപ്പോഴെക്കും വെള്ളത്തിനു പകരം നിലാവു കൂട്ടി ഒരു ലാര്‍ജ് കൂടി വിട്ട് മാഷ് ബ്രഹ്മാവസ്ഥയിലെത്തിയിരുന്നു.പാത്രം വാങ്ങുമ്പോള്‍ വിരല്‍ സ്പര്‍ശം , മാഷിലെ പഴയ ഇടവഴിയിലെ കാമുകന്‍ പറഞ്ഞു.“ഐ ലവ് യു…“ ഒന്നങ്ങട്ട് തന്നാലുണ്ടല്ലോ “,ചേച്ചിയുടെ മറുപടി ഞങ്ങളുടെ ചിരികള്‍ക്കും മുകളില്‍ കയറിയിരുന്നു.“എട്ടില്‍ പടിക്കുന്ന മോനുണ്ടെന്ന് ഓര്‍മയില്ല പൊട്ടന്:“ കവിതയെഴുത്തിന്റെ അസുഖമുള്ളതു കൊണ്ട് ചേച്ചി പ്രാസമൊപ്പിച്ചതാണെന്ന് മാഷ് ഞങ്ങളെ ബോധവല്‍ക്കരിച്ചു .
“അന്നത്തെ വല്യൊരു സംഭവായിനും ഇവരെ പ്രണയം” മേശയുടെ കന്നി മൂലയില്‍ തലകുത്തി ഓഫായി എന്നു ഞങ്ങള്‍ കരുതിയിരുന്ന ആനന്ദേട്ടന്‍,ഫ്ലാഷ് ബാക്കിനു മുന്‍പത്തെ ധീര്ഖ മൌനം ഒരു പട്യാല പെഗ്ഗിലൊതുക്കി(ആദ്യം വെള്ളമൊഴിച്ച് അതിന് മുകളില്‍ മദ്യം , വെള്ളവുമായി കലരാതെ ഒഴിച്ച പെഗ് ) ,തുടര്‍ന്നു .”ശങ്കരന്‍ നായര്‍ (ടിയാന്റെ അച്ചന്‍ ) പ്രശ്നത്തില്‍ നേരിട്ടടപെട്ട കാര്യം ചര്‍ച്ച ചെയ്തതിനു ശേഷം മാത്രമാണ് ബാര്‍ബര്‍ ഗംഗരേട്ടന്‍ അന്ന് സദ്ദാം ഹുസൈന്‍ സ്കഡ് പ്രയോഗിച്ച കാര്യം ചര്‍ച്ചയ്കെടുതത് , അയിന്റെ പിറ്റേന്ന് ഇവളെ മിലിട്ടറീലുള്ള ഏട്ടന്‍ പാതിര്യാട്ടെ എടയിലിട്ട് രാജീവനെ അടിച്ചേനു ശേഷം ഞാന്‍ 16 പ്രാവശ്യം ലീവ് സറണ്ടര്‍ ചെയ്തു” ഇപ്പോ പഞ്ചായത്ത് ആഫീസില്‍ ജോലി ചെയ്യുന്ന അനന്ദെട്ടന്‍് സംഭവത്തിന്റെ അക്കാല പ്രാധാന്യവും കാലഗണനയും ഒന്നു കൂടെ ക്രുത്യമാ‍ക്കിയ ശേഷം കന്നി മൂലേയിലെക്കു തന്നെ മടങ്ങി.
മദ്യപാനത്തിലെ പരമ്പരാഗത നിയമങ്ങളെ അപനിര്‍മിക്കുന്ന സുജിത്തിന്റെ കൈയിലായിരുന്നു ഞങ്ങളോരുത്തരുടെയും ബോധാബോധങ്ങളുടെ കടിഞ്ഞാണ് . എന്റെ ടേണ്‍ മറി കടന്ന് രാജീവന്‍ മാഷെ തേടി ഒരു “ഇളക്കാത്ത മീഡിയം സ്ട്രോങ് വെള്ളം കുറച്ച്“ വന്നു.
“ങ്ങളാരും അറിയാത്ത ഒരാളുണ്ടായിരുന്നു ഇന്റേം ഓളെം പ്രണയത്തില് ..,
ഓന്‍ കാരണാ ഞാള് കൂടുതലടുത്തതും കെട്ടീതും”.ലഹരിയുടെ വഴുക്കന്‍ പടവുകളില്‍ നിന്നും കുതറിയേറി ഞങ്ങള്‍ കണ്ണു മിഴിച്ചു..
“ഒരു കിളിയാ‍യിരുന്നു ഓന്‍ ”
“കിളികള്‍ ഇടനിലക്കാരായ കൊറെ കഥ ഞാനും വായിചിയ്ക്കി,ചെലവ് അന്റേതാണെന്നും വച്ച് ഗുണ്ടെറെക്കരുത്”.അത്യാവശ്യം പുസ്തകവായനയുടെ സൂക്കേടുള്ള നരേന്ദ്രന മാഷ്ക്ക് പറയാതിരിക്കാനായില്ല.
“ഇന്റെ കിളിക്ക് ചിറകുകളില്ലായിരുന്നു.കൈയില്‍ പിടിച്ചോണ്ടു നിന്ന ഫ്രഞ്ചു സാംസ്കാരികം ഉള്ളിലേക്കു കമഴ്ത്തി മാഷ് വികാരനിര്‍ഭരനായി

“ഇന്റെ കിളി ഒരു ക്ലീനറായിരുന്നു,കൂട്ടാലിട-ബാലുശ്ശേരി ബാലുശ്ശേരി-കൂ‍ട്ടാലിട റൂട്ടിലെ ജീപ്പ് ക്ലീനര്‍ (ആരോ പൈക്ക് വെള്ളം കൊടുത്ത കലത്തിനു മേല്‍ സിംബലിട്ടു,മാഷിന്റെ അമ്മ കോലായില്‍ വന്ന് ഒന്നു മൂളിയിട്ടു പോയി)
മദ്യം ഓര്‍മയറകളിലെ ക്ലാവുകള്‍ നീക്കിത്തുടങ്ങി
അന്നൊക്കെ മാഷ് സ്ക്കൂളിലേക്ക് അധികവും ജീപ്പിനായിരുന്നു പോകാറുണ്ടായിരുന്നത്.ഒരു ദിവസം ഇറങ്ങുമ്പോള്‍ അടുത്തിരുന്ന പെണ്‍ കുട്ടിയുടെ മാല ഷര്‍്ട്ടിലുടക്കി ,ഉടക്ക് പരിചയമായി,മാല കോര്‍ത്ത്‌ പോയത് തന്റെ മനസ്സിലാണെന്ന് മനസ്സിലായി വരുമ്പോഴെക്കും ,കോഴിക്കോട്ട് ബി.എഡി നു പടിച്ചിരുന്ന സന്ധ്യ ,മാഷുടെ സ്ഥാവര ജംഗമങ്ങളൊക്കെ പ്രണയത്തിന്റെ രജിസ്റ്റ്രാപ്പീസിൽ പൊന്നും വിലക്ക് രജിസ്റ്റ്രാക്കിയിരുന്നു.

പക്ഷെ ഞങ്ങളല്ലാതെ മൂന്നാമതൊരാൾ കൂടി ഇതെല്ലാം കാണുന്നുണ്ടായിരുന്നു.കണക്കു പടിപ്പിക്കുന്ന തനിക്കു പോലും പിടികിട്ടാത്ത ചില പ്രോബബിലിറ്റി തിരിമറികളിലൂടെ ,കൂട്ടാലിടയിൽ നിന്നും ജീപ്പ് സ്റ്റാർട്ടു ചെയ്യുമ്പോഴെക്കും ഞങ്ങളിരിക്കുന്നത് തൊട്ട് തൊട്ടായിരിക്കും എന്നവന്‍ ഉറപ്പു വരുത്തിയിരുന്നു.

(അതിനിടക്ക് തന്റെ പ്രണയത്തെ മാഷ് കല്ലാനോട് ഷാപ്പിലെ വാട്ടിയ ഇലയില്‍ മയങ്ങുന്ന പൊരിച്ച ഏട്ടയോട് ഉപമിച്ചതുണ്ടാക്കിയ കാവ്യമീമാംസ അലമ്പുകള്‍ സുജിത് മദ്യപരമായി ഒതുക്കി.)
ചില ദിവസങ്ങളിൽ അഞ്ചു രൂപ കൊടുത്ത് ബാക്കി വച്ചോ എന്നു പറഞ്ഞാലും രണ്ടാളുടെ എടുത്ത് ബാക്കി എന്റെ കൈയില്‍ വച്ച് അവന്‍ പറയും “പോട്ടെ മാഷെ,…പോക്വാ പോക്വാ റൈറ്റ്”
ഒരു ക്രിസ്മസ് പരീക്ഷാക്കാലത്ത് ഉച്ചക്ക് സ്കൂളില്‍ നിന്നും മടങ്ങി വരുമ്പോള്‍ ദേവിമുക്കു കഴിഞ്ഞപ്പോഴെക്കും ജീപ്പില്‍ ആളൊഴിഞ്ഞു.മുന്നില്‍ ഡ്രൈവറും രണ്ടാളും പിന്നില്‍ ഞാന്‍ മാത്രം.
ജീപ്പിന്റെ കൊമ്പത്തു നിന്നും കിളി ജന്മം തല്‍കാലം ഉപേക്ഷിച്ച് ചാഞ്ഞിറങ്ങി അവന്‍ എന്റ്ടുത്തിരുന്നു
“മാഷ്ക്ക് ടീച്ചറെ കെട്ടിക്കൂടെ“
കിളികളുടെ സ്വതസിദ്ധമായ വേഗത്തോടെ അവന്‍ ചോദിച്ചു .ഞാന്‍ ഞെട്ടി (കെട്ടാന്‍ മാത്രം ധൈര്യം എനിക്കില്ലായിരുന്നു.പ്രണയത്തിന്റെ ലക്ഷ്യം വിവാഹമല്ല എന്നൊരു സൈദ്ധാന്തിക പിന്തുണയും ഞാന്‍ കരുതി വച്ചിരുന്നു.)
മണിയൂര്‍ ടെക്സ്റ്റയില്സില്‍ നിന്നും അവള്‍ക്കിഷ്ടപ്പെടാഞ്ഞ നീല ബ്ലൌസു മാറ്റി കറുപ്പു വാങ്ങുന്നത്,വെളിച്ചെണ്ണയും പഞ്ചാരയും വാങ്ങാനുള്ള പിന്‍ വിളികള്‍ ,ശാന്ത ബാലക്രുഷ്ണനെ(ഗൈനക്) ആദ്യം കാണാന്‍ പോകുന്നതിന്റെ വിമ്മിഷ്ടം,കരപ്പന്‍ വന്ന കുട്ടനെയും കൂട്ടി വൈദ്യരെ കാണാന്‍ പോകുന്നത് ,ഏതോ തമിഴ് സിനിമ എഡിറ്റര്‍ എന്റെ തലക്കുള്ളില്‍ പണി തുടങ്ങി .ഓരോ സീനിനു പിന്നിലും എവിടെയോ മറന്ന മൂളാന്‍ കൊതിക്കുന്ന ഒരു മധുര ഗാനം വന്നു നിറഞ്ഞു അതോടെ എതിര്‍പ്പിന്റെ ബാലിശമായ കാരണങ്ങള്‍ ഓരോന്നായി …………… സൈദ്ധാന്തിക അടിത്തറയുടെ പില്ലറുകള്‍ സ്വയം ആടിത്തുടങ്ങി.
പ്രത്യയ ശാസ്ത്ര വിരുദ്ധത ഇല്ലെന്നും ,പ്രണയത്തിന്റെ ഏതോ ഒരു ലക്ഷ്യം വിവാഹമാണെന്ന് പിന്നീട് തിരിച്ചറിയുകയാണുണ്ടായതെന്നുമുള്ള പുതിയ അടവു നയവും,എന്തു വന്നാലും സന്ധ്യയെ കെട്ടുമെന്നുള്ള തീരുമാനവും കൂട്ടാലിട ജീപ്പിറങ്ങുമ്പോഴെക്കും എന്നോടൊപ്പമിറങ്ങിയിരുന്നു……
അന്നു ജീപ്പിറങ്ങി ഞാന്‍ കള്ളടിച്ച പോലെ നടന്നു പോയെന്നും ഞാന്‍ കൊടുക്കാതെ പോയ പൈസ അവന്റെ കൂലിയില്‍ പിടിച്ചെന്നും ,പിന്നീട് എന്നെയും സന്ധ്യയെയും ഒരുമിച്ചു കണ്ട ദിവസം അവന്‍ പറഞ്ഞു ചിരിച്ചു….ആ ചിരി ഓര്‍ത്തു മാഷ് ചിരിച്ചു കൊണ്ടേയിരുന്നു....
ഒഴിഞ്ഞ ജോയ് ഡി ഫ്രാങ്ക് വ്രുദ്ധയായൊരു വേശ്യയെപ്പോലെ തിരസ്ക്രുതയായി മേശയ്ക്കു കീഴെ കിടന്നു. നിലാവില്‍ കുഴഞ്ഞ നവംബര്‍ മഞ്ഞിലൂടെ അജയ് ടാക്കീസില്‍ നിന്നും സെക്കന്റ്‌ ഷോ ഇന്‍ടര്‍വെലലിന്‍ടെ പാട്ട് വേച്ചു വേച്ചു വരുന്നുണ്ട്…ഓരോരുത്തരും സ്വന്തം പ്രണയങ്ങളുടെ പ്രത്യേക സാമ്പത്തിക മേഖലകളിലാണ് . ഓര്‍മ്മകള്‍ കെട്ടിപ്പൊക്കിയ നിശ്ശബ്ദ്തയ്ക്കുള്ളിലൂടെ കൈയിട്ട് ഞാന്‍ രാജീവന്‍ മാഷെ തോണ്ടി,“ മാഷെ അക്കിളീന്റെ പേരെന്തായീനും”
വിവാഹം സ്വര്‍ഗത്തില്‍ വച്ചാണെങ്കില്‍ ആ സ്വര്‍ഗ്ഗം ജീപ്പാണെന്ന് തിരുപ്പുസ്തകം തിരുത്തി വായിച്ച രാജീവൻ ആറാമത്തെ പ്രദക്ഷിണവും കഴിഞ്ഞ് ദൈവ പുത്രനെ പ്പോലെ എന്നെ നോക്കി…
“ഇനികൊര്‍്മല്ല , ……………അല്ല ഇനിക്കറീല്ലായീനും, അന്നും ഇനിക്കറീല്ലായീനും”
“അല്ലേലും കിളിക്കൊരു പേരുണ്ടോ?” ആരോ ചോദിച്ചു.
“പക്ഷെ ഞാനെങ്കിലും ചോയിക്കേണ്ടതായിനും” മാഷ് കരയുന്നുണ്ടോ എന്നുറപ്പു വരുത്താൻ മാത്രം ബോധം എനിക്കു ബാക്കിയില്ലായിരുന്നു.ലഹരിപ്പിറ്റേന്ന് ഞാന്‍ കിളികളെത്തേടിയിറങ്ങി,പക്ഷേ ജീപ്പിന്റെ കൊമ്പുകള്‍ ശൂന്യമായിരുന്നു.എന്റെ നാട്ടില്‍ കിളികളില്ലാതായിരിക്കുന്നു
പോക്വാ പോക്വാ റൈറ്റ്,ഇളകിത്തുടങ്ങിയ ജീപ്പിനൊപ്പം ഏതാനും ചുവടുകള്‍ ഒറ്റക്കുതിപ്പില്‍ സൈഡ് ഇന്‍ഡികകെററിനൂ മുകളില്‍ ഒരു കാല്‍ വച്ച് മറ്റേക്കാല്‍ അലസമായി വായുവിലിട്ട്………….ഓര്‍മ്മകള്‍ ഏറെയൊന്നും പിന്നിലല്ല.
ഞങ്ങളുടെ ആദ്യത്തെ ജീപ്പ് ഡ്രൈവർ മൂസക്കായും ,പുതിയ തലമുറയിലെ ‘മാളിച്ച ഷൈജുവും‘ ഒരു പോലെ പറയുന്നു “ഒക്കുന്നില്ല”… അന്വേഷണം മതിയാക്കി ഇബ്രായിക്കാന്റെ ചായപ്പീടികയിലേക്ക് കയറി .ചായപ്പീട്യയ്ക്ക് വല്യ മാറ്റമൊന്നുമില്ല. ഒരു പരിപ്പുവട തന്നേയ്ക്കിക്കാ എന്ന മറുപടിയിലേക്ക് സൂക്ഷിച്ചു നോക്കിയ ഇബ്രായിക്കാന്റെ മോത്ത് ആ പഴയ ചിരി വിടര്‍ന്നു ..ഏറെ വര്‍ഷങ്ങള്‍ക്കു ശേഷമാണെങ്കിലും സര്‍ഗചിത്ര ആrട്സ് &സ്പോട്സിന്റെ പൂളക്കറി കണക്കുഅകള്‍ തീര്‍ക്കാതെ മുങ്ങിയ ഖജാന്‍ ജിയെ എളുപ്പം മറക്കാനാകുമോ..

“സ്ക്കൂളിന്റെ അപ്രൂവല്‍ പോയി ` മാഷമ്മരെ കാര്യം കഷ്ട്ട്ത്തിലായി“
“അല്ലേലും മാഷമ്മാരെ വെണ്ടന്നല്ലെ പറയുന്നത്...“
“മ്മളെ പോസ്റ്റാപ്പീസു എടുക്കപ്പെട്ടു പോയി,കാദർക്കാനെ വിയാറെസ്സു കൊടുത്തു പറഞ്ഞയച്ചു.(സഞ്ചിയിലെ കത്തിലെ അഡ്രസ്സും ഞങ്ങളുടെയൊക്കെ മുഖങ്ങളും കമ്പയര്‍ ചെയ്യുന്ന അല്‍ഗോരിതം മനസ്സിലിട്ട്,സ്കാന്‍ ചെയ്യുന്ന കണ്ണുകളുമായി ,മെലിഞ്ഞൊട്ടിയ കാദര്‍ക്ക ). ചായപ്പീടിക ഇപ്പോഴും വാര്‍ത്തകള്‍ കൈമാറ്റം ചെയ്യുന്നുണ്ട്.
വാര്‍ത്തകള്‍ വന്നലച്ചു കൊണ്ടിരിക്കുന്നു.ആര്‍ക്കൊക്കെയോ എവിടെയൊക്കൊയോ ഒക്കുന്നില്ല. ഓരോരുത്തരായി പറന്നകലുന്നു.കൂടു വച്ച മരങ്ങള്‍ വെട്ടി മുറിക്കുന്നതു വരെ വെറുതെ കാത്തിരിക്കുന്ന കുറെ ജന്മങ്ങള്‍ ബാക്കിയാവുന്നു .
“ചായക്കൊന്നും പഴെ ഒരു ഉഷാറില്ല മോനെ.”
പാതി നിര്‍ത്തിയ ചായഗ്ലാസ് കണ്ടാവാം ഇബ്രായിക്ക പറഞ്ഞു..
അതെ പഴയ ഒരു ഉഷാറില്ലെന്ന് മനസ്സില്‍ പറഞ്ഞ് ഞാനിറങ്ങി……..
പഴയ ദരിദ്ര ഭൂതകാലം അറിയാവുന്ന എന്നെ കണ്ടപ്പോള്‍ , അടുത്തിടെ റോഡായി മാറിയ ഇടവഴി, ചമ്മല്‍ മാറ്റാനായി ഇരുട്ട് പുതച്ചു തുടങ്ങിയിരുന്നു.

ചുവന്നു കലങ്ങിയ ആകാശത്തൂടെ പറന്നകലുന്ന നിസ്സഹയമായ ചിറകടിയൊച്ചകള്‍ ..
കിളി മുന്‍പേ പറന്നു പോയെന്നെ ഉള്ളൂ………..

posted by R.K.Biju Kootalida @ 10:21 AM   13 Comments